• |
  • |
  • |
  • |
  • |
  • |
  • |
  • |
ഓം
പ്രദീപജ്വാലാഭിര്‍ദിവസകര നീരാജനവിധി
സ്‌സുധാസുതേശ്ചന്ദ്രോപലജലലവൈരര്‍ഘ്യരചനാ സ്വകീയൈരംഭോദിസ്‌സലിലനിധി സൗഹിത്യകരണം
ത്വദീയാഭിര്‍വാഗ്ഭിസ്തവ ജനനി വാചാംസ്തുതിരിയം
(സൗന്ദര്യലഹരി)

ഐതിഹ്യം

    (അല്ലയോ, വാക്കുകളുടെ ഉത്പത്തിസ്ഥാനമായ പരമേശ്വരീ, ആദിത്യരശ്മികളില്‍ നിന്ന് അഭിന്നങ്ങളായ കരദീപങ്ങളുടെ ജ്വാലകള്‍ കൊണ്ട് ആദിത്യന് നീരാജനാനുഷ്ഠാനം ചെയ്യുന്നതു പോലെയും, ചന്ദ്രരശ്മികളില്‍ നിന്നുണ്ടായ ചന്ദ്രകാന്തജലം കൊണ്ട് ചന്ദ്രന് ജലദാനം നല്‍കുന്നത് പോലെയും, സമുദ്രജലം കൊണ്ടുതന്നെ സമുദ്രത്യപ്തിക്കായി തര്‍പണക്രിയ ചെയ്യുന്നതു പോലെയും ആകുന്നു അവിടത്തില്‍ നിന്നുദ്ഭവിച്ചതും അവിടത്തില്‍ നിന്ന് അഭിന്നങ്ങളുമായ വാക്കുകള്‍ കൊണ്ട് രചിക്കപ്പെട്ട ഈ സ്തുതിയും.)

പ്രപഞ്ചസ്യഷ്ടിക്ക് കാരണവും സര്‍വ ചരാചരങ്ങളുടെയും അടിസ്ഥാനവും എന്നാല്‍ എല്ലാത്തിനും അതീതവുമായ പരമാത്മാവിനെ അറിയുക എന്നത് പരമമായ ലക്ഷ്യമായി ആചാര്യന്‍മാര്‍ പറയുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പല മാര്‍ഗങ്ങളുമുണ്ട്. ഏറ്റവും പ്രചാരം നേടിയതും സാധാരണക്കാര്‍ക്ക് ഏറ്റവും എളുപ്പമായതും ആയ മാര്‍ഗമാണ് ഭക്തി മാര്‍ഗം. അവിടെ ഭക്തനും ഭഗവാനുമുണ്ട്. ഭക്തന്‍ സ്വയം ഈശ്വരന് സമര്‍പ്പിക്കുന്നു. ഈശ്വരന്‍ എപ്പോഴും ഭക്തന്റെ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഞാന്‍ ഭക്തന്റെ ദാസനാണ് എന്ന് ഭഗവാന്‍ ശ്രീക്യഷ്ണന്‍ പറയുന്നുണ്ട്.

ഈശ്വരസങ്കല്‍പങ്ങളില്‍ പ്രമുഖമാണ് ദേവീസങ്കല്‍പം. ശക്തിയെ ദേവിയായി കാണുകയും അപരിമേയമായ ആ ശക്തിയുടെ അനേകം ഭാവങ്ങളെ വിവിധ രൂപത്തില്‍ ആരാധിക്കുകയും ചെയ്യുന്ന സമ്പ്രദായം ഭാരതത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാചീനകാലം മുതല്‍തന്നെ ഉണ്ടായിരുന്നു. ധനവും അറിവും ശക്തിയും വാക്കും ഐശ്വര്യവും എല്ലാം ദേവി തന്നെ. അമ്മ, പ്രേയസി, കുമാരി, സഖി, യജമാനിനി എന്നിങ്ങനെ നമുക്ക് പരിചയവും പ്രീതിയുമുള്ള രൂപത്തില്‍ ദേവിയെ കല്‍പന ചെയ്യാം. സാധകന് അനുരൂപമായ ഗുണത്തോടും അവന് നൈസര്‍ഗികമായ പ്രീതിയുള്ള രൂപത്തോടും കൂടിയ മൂര്‍ത്തിയായിരിക്കും അവന് പറ്റിയ ഉപാസനാമൂര്‍ത്തി. അതുകൊണ്ടു തന്നെ രാജയോഗക്രമം മുതല്‍ കാപാലികളുടെ താമസികമായ പൂജ വരെയുള്ള നാനാ സമ്പ്രദായങ്ങളുമുണ്ടായി. ഇവയില്‍ ചിലത് ശരിയെന്നും മറ്റു ചിലത് തെറ്റ് എന്നും പറയാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും ഉചിതമായത് ഏതോ അത് സ്വകരിക്കുക എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ കാലപ്രവാഹത്തില്‍പ്പെട്ടും സദ്ഗുരുക്കന്‍മാരുടെ അഭാവം കൊണ്ടും പല സമ്പ്രദായങ്ങളും വളരെയേറെ ദുഷിച്ചിട്ടുണ്ട്. അതിനാല്‍ ഉത്തമമായ സമ്പ്രദായങ്ങള്‍ സ്വീകരിക്കുകയാണ് ഉചിതം.

പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം പരാശക്തിയെ പ്രകീര്‍ത്തിക്കുന്നുണ്ട്. ശിഷടസംരക്ഷണവും ദുഷ്ടസംഹാരവും ഒരുപോലെ നിര്‍വഹിക്കുന്ന ദേവിയായി ഭദ്രകാളിയെ ചിത്രീകരിക്കുന്നു. യോഗികളും താന്ത്രികരും വേദാന്തികളുമെല്ലാം ദേവ്യുപാസനയുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ശ്രീസരസ്വതിയും ശ്രീലക്ഷ്മിയും

ശ്രീപാര്‍വതിയും പിണങ്ങിപ്പോയപ്പോള്‍ ബ്രഹ്മാ വിഷണു മഹേശ്വരന്‍മാര്‍ക്ക് സ്യഷ്ടി സ്ഥിതി സംഹാരകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്നതായി പുരാണങ്ങള്‍ പറയുന്നു.

ഭദ്രകാളി

    ദക്ഷപുത്രിയായ സതിയെ ശ്രീപരമേശ്വരന്‍ വിവാഹം ചെയ്യുന്നു. പൂര്‍ണത്യപ്തിയോടെയല്ല ദക്ഷന്‍ തന്റെ മകളെ ശിവനു നല്‍കിയത്. ഒരിക്കല്‍ പ്രജാപതികള്‍ നടത്തിയ ബ്രഹ്മസത്രമെന്ന യാഗത്തില്‍ ത്രിമൂര്‍ത്തികളും ദേവന്‍മാരും ഋഷികളും പങ്കെടുത്തു. ദക്ഷപ്രജാപതി യാഗശാലയില്‍ പ്രവേശിച്ചപ്പോള്‍ ത്രിമൂര്‍ത്തികളൊഴികെ മറ്റെല്ലാവരും എഴുന്നേറ്റുനിന്ന് അദ്‌ദേഹത്തെ ആദരിച്ചു. തന്റെ ജാമാതാവായ ശിവന്‍ എഴുന്നേറ്റുനിന്ന് വന്ദിക്കാത്തത് ദക്ഷനെ ക്രുദ്ധനാക്കുകയും പരമശിവനെ നിന്ദിച്ച് ശകാരവര്‍ഷം ചൊരിഞ്ഞ ശേഷം അദ്‌ദേഹം യാഗശാല വിട്ട് പോവുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം പരമശിവനെ നിന്ദിക്കണമെന്ന ഉദ്‌ദേശ്യത്തോടെ ദക്ഷന്‍ ബ്യഹസ്പതീസ്തവം എന്ന യാഗം നടത്താനൊരുങ്ങി. പരമശിവനെയും സതിയെയും ദക്ഷന്‍ യാഗത്തിന് ക്ഷണിച്ചില്ല. ക്ഷണിച്ചില്ലെങ്കിലും യാഗത്തില്‍ പങ്കെടുക്കുവാന്‍ സതി തീരുമാനിച്ചു. യാഗശാലയിലെത്തിയ സതി അപമാനിതയായതിനെത്തുടര്‍ന്ന് തന്റെ ശരീരം അഗ്‌നിയില്‍ ദഹിപ്പിച്ചു. ഇതറിഞ്ഞ ശിവന്‍ ക്രുദ്ധനായി. ജട പറിച്ചെടുത്ത് ദേഷ്യത്തോടെ നിലത്തടിച്ചു. അതില്‍ നിന്ന് വീരഭദ്രനും ഭദ്രകാളിയും ഉണ്ടായി. അവര്‍ ശിവനിയോഗം അനുസരിച്ച് ഭൂതഗണങ്ങളോട് കൂടെച്ചെന്ന് ദക്ഷയാഗം മുടക്കുകയും ദക്ഷനെ വധിക്കുകയും ചെയ്തു.

ദാരിക നിഗ്രഹം

    ദേവാസുര യുദ്ധത്തില്‍ അസുരന്‍മാര്‍ക്ക് നാശം സംഭവിച്ചു. നാല് അസുരസ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരൊടൊത്ത് പാതാളത്തില്‍ പോയി ഒളിച്ചു. യുദ്ധാവസാനം ലോകം ശാന്തമായപ്പോള്‍ അവര്‍ ബ്രഹ്മാവിനെ തപസ്‌സു ചെയ്തു. അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായ ബ്രഹ്മാവിനോട് ദേവന്‍മാരെ നശിപ്പിക്കാന്‍ കഴിവുള്ള പുത്രന്‍മാരെ ലഭിക്കണമെന്ന വരം അവര്‍ ആവശ്യപ്പെട്ടു. വരലാഭത്താല്‍ പിറന്ന പുത്രന്‍മാരാണ് ദാനവനും ദാരികനും. മാതാപിതാക്കളുടെ ഉപദേശമനുസരിച്ച് അവരും തപസ്‌സാരംഭിച്ചു. ഒരു സ്ത്രീയുടെ കൈകൊണ്ടല്ലാതെ മരണമില്ല എന്ന വരം ദാരികന്‍ നേടി. ദാനവനും ദാരികനും ദേവലോകം ആക്രമിക്കുകയും ദേവന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. ദേവന്‍മാര്‍ ദാനവദാരികന്‍മാരുടെ ഉപദ്രവത്തെക്കുറിച്ച് ശിവനെ അറിയിച്ചു. കോപാകുലനായ ശിവന്റെ മൂന്നാം കണ്ണില്‍ നിന്ന് ഭദ്രകാളി ഉണ്ടായി. കാളിയോട് ദാരികനെ വധിച്ച് ശിരസ്‌സു കൊണ്ടുവരാന്‍ ശിവന്‍ ആജ്ഞാപിച്ചു. കാളി വേതാളത്തിന്റെ പുറത്തു കയറി യുദ്ധത്തിനായി പുറപ്പെട്ടു. ഘോരമായ യുദ്ധത്തില്‍ ദേവി ദാരികനെ വധിച്ചു. ദാരികന്റെ ശിരസ്‌സ് വെട്ടിയെടുത്ത് കൈലാസത്തിലേക്ക് തിരിച്ചു.

ദാരികന്റെ ശിരസ്‌സുമായി കൈലാസത്തിലെത്തിയ ദേവിയോട് ശിവന്‍ ഇങ്ങനെ പറഞ്ഞു. “ദാരികന്റെ ശിരസ്‌സ് നിന്റെ കൈവശം തന്നെയിരിക്കട്ടെ. ഇനി നീ മനുഷ്യലോകത്ത് ചെന്നിരിക്കുക. അവര്‍ നിനക്ക് വേണ്ടതെല്ലാം തരും. അവര്‍ക്കു ദുര്‍ദേവപീഢകള്‍ ഒഴിച്ച് പരിപാലനം നല്‍കിക്കൊണ്ടിരിക്കുക.” പരമശിവന്‍ ഉപദേശം നല്‍കി കാളിയെ ഭൂലോകത്തിലേക്ക് അനുഗ്രഹിച്ചയച്ചു.

ശ്രീപരമേശ്വരന്റെ സമാര്‍ധമായ ശ്രീപാര്‍വതിയുടെ രൂപമായി ഭദ്രകാളിയെ കരുതുന്നു. ശക്തിസ്വരൂപിണിയായ ദേവിക്ക് ശാന്തവും ഭയാനകവുമയ ഭാവങ്ങള്‍ ഉണ്ട്. ശാന്തഭാവം പാര്‍വതിയും ഭയാനകഭാവം ഭദ്രകാളിയുമാണ്. തിന്‍മയെ ചെറുക്കുവാനും ആശ്രിതരക്ഷയ്ക്കുമായി കാളി അനവധി അവതാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ദാരികനെ വധിക്കാന്‍ ശിവന്റെ ത്യക്കണ്ണില്‍ നിന്ന് പിറവികൊണ്ട ദേവിയാണ് ഭദ്രകാളി. ദേവ്യുപാസനയുടെ പ്രാമാണിക ഗ്രന്ഥമായി കണക്കാക്കുന്ന ദുര്‍ഗാസപ്തശതിയില്‍

സമരദേവതയായ ദുര്‍ഗയുടെ കരാളഭാവത്തെയാണ് ഭദകാളി എന്ന് വിശേഷിപ്പിക്കുന്നത്. കാളി, താര, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗല, മാതംഗി, കമല തുടങ്ങി മഹാകാളിക്ക് പല രൂപങ്ങളുമുണ്ട്.

കരിങ്കാളികാവുകള്‍

    കേരളത്തിനകത്തും പുറത്തുമായി പ്രസിദ്ധങ്ങളായ അനേകം ദേവീക്ഷേത്രങ്ങളുണ്ട്. അവയില്‍ എടുത്തു പറയത്തക്ക സവിശേഷതകള്‍ ഉള്ളവയാണ് ഏറനാട്ടിലെ പതിനെട്ടരക്കാവുകള്‍. മുണ്ടയ്ല്‍, മണ്ണൂര്‍, പഴമ്പറമ്പ്, പത്തനാപുരം, പൂവത്തിക്കല്‍, ഇരിവേറ്റി, പരിയാരക്കല്‍, പറപ്പൂര്, പാലക്കാട്, കാപ്പില്‍, തിരുവാലി, പാലക്കോട്, കാരകുന്ന്, വാക്കെത്തൊടി, കരുവമ്പ്രം, പൊയിലിക്കാവ്, പാറോല, കിളിയാനക്കോട്, മേല്‍മുറി എന്നിവയാണ് പതിനെട്ടരക്കാവുകള്‍. ഇവയെല്ലാം പഴയ ഏറനാടിന്റെ അതിര്‍ത്തിക്കകത്താണ്. ശ്രീ കരിങ്കാളിയാണ് ഇവിടങ്ങളിലെ ആരാധനാമൂര്‍ത്തി. പതിനെട്ടരക്കാവുകളുടെ മൂലസ്ഥാനമാണ് പുളിയക്കോട് ശ്രീ മുണ്ടക്കയ്ക്കല്‍ കരിങ്കാളികാവ്. ദാരികനിഗ്രഹം കഴിഞ്ഞ് ക്ഷീണിതയായ ദേവി യാത്രക്കിടയില്‍ കോട്ടപ്പറമ്പില്‍ എത്തി. അവിടെ വച്ച് കണ്ടുമുട്ടിയ ശിവാംശമായ കരുവെട്ടനോട് തനിക്ക് വിശപ്പും ദാഹവുമുണ്ടെന്ന് അറിയിച്ചു. അതു ശ്രവിച്ച കരുവെട്ടന്‍ കോട്ടപ്പറമ്പില്‍ സ്ഥിതി ചെയ്തിരുന്ന മുണ്ടയ്ക്കല്‍ കോവിലകത്തെ മച്ചില്‍ പാല്‍ കാച്ചിയത് സൂക്ഷിക്കാറുണ്ടെന്നും അതെടുത്ത് കുടിക്കാമെന്നും പറഞ്ഞു. ഇതുപ്രകാരം മച്ചില്‍ കാച്ചിവച്ചിരുന്ന പാല്‍ ദേവി എടുത്ത് കുടിച്ചു. ദിവസവും പാല്‍ കാണാതെ വന്നതിനാല്‍ കോവിലകത്തെ തമ്പുരാട്ടി കാര്യം അറിയുന്നതിനായി മച്ചില്‍ മറഞ്ഞിരുന്നു. രാത്രി ആരോ വന്ന് പാല്‍ കുടിക്കുന്നതായി അനുഭവപ്പെട്ട തമ്പുരാട്ടി “പാല്‍ കട്ടു കുടിക്കുന്നോ കരിങ്കാളി” എന്ന് ചോദിച്ചു. ദേവി ചില അദ്ഭുതങ്ങള്‍ കാണിച്ച് കരിങ്കാളി എന്ന പേരില്‍ അവിടെ കുടിയിരുന്നു എന്നാണ് ഐതീഹ്യം.

ശ്രീ മുണ്ടയ്ക്കല്‍ കരിങ്കാളികാവ്

    മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് കുഴിമണ്ണ വില്ലേജില്‍ പുളിയക്കോട് കോട്ടപ്പറമ്പ് എന്ന സ്ഥലത്താണ് പതിനെട്ടരക്കാവുകളുടെ മൂലസ്ഥാനമായ ശ്രീ മുണ്ടയ്ക്കല്‍ കരിങ്കാളികാവ് നിലകൊള്ളുന്നത്. ഒരു ശ്രീകോവിലില്‍ രണ്ട് ഭാവത്തിലായിട്ടാണ് ദേവി ഇവിടെ കുടിയിരിക്കുന്നത്. കിഴക്കോട്ട് ദര്‍ശനമായി ശ്രീ കരിങ്കാളിയും പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീ ചൊവ്വാ ഭഗവതിയും. കരിങ്കാളിക്കു ദിവസേന അഭിഷേകവും വച്ചുനിവേദ്യവും നടത്തുന്നു. ചൊവ്വവിളക്ക് വഴിപാട് കഴിക്കുമ്പോള്‍ മാത്രം ചൊവ്വാഭഗവതിക്ക് മഞ്ഞള്‍പ്പൊടി അഭിഷേകവും വെള്ളരി നിവേദ്യവും നല്‍കുന്നു. ഏഴ് ചൊവ്വ വിളക്ക് ഒരുമിച്ച് വരുമ്പോള്‍ മാത്രമേ ചൊവ്വാ ഭഗവതിയുടെ നട തുറക്കാറുള്ളൂ. ഉപദേവനായി ശിവാംശമായ കരുവെട്ടനെ കരിങ്കാളിയുടെ വടക്കു ഭാഗത്തായി തിരുമുറ്റത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്.

കരിങ്കാളിയുടെ ആയുധമായ പള്ളിവാള്‍ ഉണ്ടാക്കുന്നതിന് ദേശത്തെ അവകാശിയായ പെരുങ്കൊല്ലനെ ഏല്‍പ്പിച്ചു. അദേ്‌ദേഹം ദേവിയുടെ നടയില്‍ വന്ന് വാളിന്റെ ആക്യതി അറിയില്ല എന്ന് ദേവിയോടു പറഞ്ഞു. പിറ്റെ ദിവസം വാതിലിന്‍മേല്‍ വാളിന്റെ അടയാളം കണ്ടു. ശാന്തിക്കാരന്‍ കുളിക്കാന്‍ സൗകര്യമില്ലാത്തതിനെക്കുറിച്ച് ദേവിയോടു പരാതിപ്പെട്ടു. ദേവി പള്ളിവാളിന്റെ അടിഭാഗം കൊണ്ട് കുത്തി. അങ്ങനെയുണ്ടായ കൊക്കരണി ഇന്നും ക്ഷേത്രത്തിനു സമീപം കാണാം. ശാന്തിക്കാരന്‍ ഇല്ലത്തു നിന്ന് വെള്ളം കൊണ്ടു വന്നാണ് ക്ഷേത്രത്തില്‍ നിവേദ്യം വച്ചിരുന്നത്. പ്രായമായതിനാല്‍ അതിന് പ്രയാസം നേരിട്ടു. 'ഇനി വെള്ളം കൊണ്ടുവരാന്‍ കഴിയില്ല' എന്ന് നടയില്‍ വച്ചു പറഞ്ഞു. രാവിലെ നോക്കിയപ്പോള്‍ ക്ഷേത്രമുറ്റത്ത് ചതുരാക്യതിയില്‍ ഒരു കിണറുണ്ടായതായി കണ്ടു. ഇന്നും ക്ഷേത്രാവശ്യങ്ങള്‍ക്ക് ഈ കിണറിലെ ജലമാണ് ഉപയോഗിക്കുന്നത്. മിഥുനമാസത്തിലെ അശ്വതി നാളിലാണ് ദേവിയുടെ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. മുണ്ടയ്ക്കല്‍ കരിങ്കാളികാവിലെ പ്രധാന ഉത്‌സവം താലപ്പൊലിയാണ്. ഭക്തരുടെ വഴിപാടായിട്ടാണ് താലപ്പൊലി നടത്താറുള്ളത്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രമെ താലപ്പൊലി നടത്താന്‍ പാടൂ. അതില്‍ പ്രത്യേകമായിട്ടുള്ളത് എടവമാസം പതിനഞ്ചിനോ അതിനുശേഷമൊ വരുന്ന കൊടിയാഴ്ച ദിവസങ്ങളാണ്. മുണ്ടയ്ക്കല്‍ കരിങ്കാളികാവിലെ ഉത്‌സവം കഴിഞ്ഞ് കൊട്ടിയടച്ചാല്‍ പിന്നെ മറ്റ് കരിങ്കാളികാവുകളില്‍ ഉത്‌സവം പതിവില്ല. മറ്റു കാവുകളിലെ ഭഗവതിമാര്‍ മുണ്ടയ്ക്കലമ്മയുടെ അനുജത്തിമാരാണെന്നും ജ്യേഷ്ടത്തിയുടെ ഉത്‌സവം കൂടുന്നതിനുള്ള സൗകര്യം വച്ചാണ് ഇങ്ങനെ താലപ്പൊലി ദിവസം നിശ്ചയിച്ചതെന്നും പറയപ്പെടുന്നുണ്ട്. മണ്ഡലവിളക്ക് മുണ്ടയ്ക്കല്‍ കരിങ്കാളികാവിലെ ഒരു പ്രധാന വഴിപാടാണ്. രാത്രികാലത്ത് നടക്കുന്ന മണ്ഡലവിളക്കില്‍ കാവിലെ വെളിച്ചപ്പാട് (ദേവിയുടെ പ്രതിരൂപം) ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ ഉറഞ്ഞു തുള്ളി ഭക്തരെ അനുഗ്രഹിക്കുന്നു. മണ്ഡലക്കാലം കഴിഞ്ഞാലും വിളക്ക് നടത്താവുന്ന ഏക കാവും മുണ്ടയ്ക്കല്‍ കരിങ്കാളികാവാണ്. കരിങ്കാളിയുടെ പ്രധാനപ്പെട്ട മറ്റ് ഉത്‌സവങ്ങളാണ് കരിങ്കാളിതിറയും പാലുംവെള്ളരിയും. അഭീഷടസിദ്ധി, മംഗല്യസൗഭാഗ്യം, സന്താനലാഭം, ശത്രുസംഹാരം, വിദ്യാഗുണം എന്നിവ മുണ്ടയ്ക്കലമ്മയുടെ അനുഗ്രഹത്താല്‍ സാധ്യമാവുന്നതാണ്. കൂട്ടുപായസം, കഠിനപ്പായസം, ത്യമധുരം, രക്തപുഷ്പാഞ്ജലി, ചൊവ്വവിളക്ക് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായി കണക്കാക്കപ്പെടുന്നു.

പതിനെട്ടരക്കാവുകള്‍

    മലപ്പുറം കോഴിക്കോട് ജില്ലാതിര്‍ത്തിയായ കീഴുപറമ്പ് ദേശത്ത് ത്യക്കളയൂര്‍ ശിവക്ഷേത്രത്തിനടുത്ത് പഴമ്പറമ്പ് കരിങ്കാളികാവ് സ്ഥിതിചെയ്യുന്നു. കീഴുപറമ്പ് ദേശത്ത്തന്നെ ചാലിയാറിന്റെ കരയില്‍ പത്തനാപുരം കരിങ്കാളികാവും സ്ഥിതി ചെയ്യുന്നു. പതിനെട്ടരക്കാവുകളില്‍ പത്തനാപുരം കരിങ്കാളികാവും വാക്കെത്തൊടി കരിങ്കാളികാവും മാത്രമാണ് പടിഞ്ഞാറോട്ട് മുഖമായി നില്‍ക്കുന്നത്. കാവനൂര്‍ വില്ലേജിലാണ് ഇരിവേറ്റി കരിങ്കാളികാവും പരിയാരക്കല്‍ കരിങ്കാളികാവും. മുതുവല്ലൂര്‍ വില്ലേജിലെ വിളയില്‍ പറപ്പൂര് പ്രദേശത്താണ് പറപ്പൂര് കരിങ്കാളികാവ്. ഇത് ശ്രീ നീര്‍മങ്ങാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്ര ട്രസ്റ്റിന് കീഴിലാണ്. പുല്‍പ്പറ്റ വില്ലേജിലാണ് പാലക്കാട് കരിങ്കാളികാവ്. പാലു കട്ട എന്നതില്‍ നിന്നാണ് പാലക്കാട് എന്ന പേരു വന്നത്. പാലക്കാട്, മേല്‍മുറി, പൊയിലിക്കാവ് എന്നീ കാവുകള്‍ക്കു മാത്രമണ് ക്ഷേത്രങ്ങളെപ്പോലെ ചുറ്റമ്പലമുള്ളത്. നിലമ്പൂര്‍ താലൂക്കിലെ വണ്ടൂര്‍ പഞ്ചായത്തിലാണ് കാപ്പില്‍ കരിങ്കാളികാവ്. കാവിനോട് ചേര്‍ന്ന് കളരിപ്പുരയുണ്ട്. നിലമ്പൂര്‍ താലൂക്കിലെ തിരുവാലി പഞ്ചായത്തിലാണ് തിരുവാലി കരിങ്കാളികാവ്. ഈ കാവിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുമ്പോള്‍ സാമൂതിരിക്ക് ഒരു യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നു. അതിനാല്‍ കാവിന്റെ പണി പകുതി വച്ച് നിര്‍ത്തിവപ്പിക്കപ്പെട്ടു. അതുകൊണ്ട് ഈ കാവ് അരക്കാവ് എന്നറിയപ്പെട്ടു. അരചന്‍ എന്ന പദത്തില്‍ നിന്നാണ് അര എന്ന വിശേഷണം വന്നത് എന്നും അഭിപ്രായമുണ്ട്.

നിലമ്പൂര്‍ താലൂക്കിലെ പോരൂര്‍ ദേശത്താണ് പാലക്കോട് കരിങ്കാളികാവ്. ഏറനാട് താലൂക്കിലെ കാരകുന്ന് വില്ലേജിലാണ് കാരകുന്ന് കരിങ്കാളികാവ് സ്ഥിതി ചെയ്യുന്നത്. മഞ്ചേരി മുന്‍സിപ്പാലിറ്റിയിലാണ് വാക്കെത്തൊടി കരിങ്കാളകാവും കരുവമ്പ്രം കരിങ്കാളികാവും. കരുവമ്പ്രം, വാക്കെത്തൊടി, തിരുവാലി, മേല്‍മുറി കാവുകളിലെ കോമരങ്ങള്‍ ഉപയോഗിക്കുന്ന വാളിന്റെ മുകളറ്റം മറ്റു വാളുകളില്‍ നിന്ന് വ്യത്യസ്തമണ്. ഈ വാളുകള്‍ നാന്ദകം എന്നറിയപ്പെടുന്നു. മറ്റു വാളുകള്‍ പള്ളിവാളുകളാണ്. മേല്‍മുറി കരിങ്കാളികാവ് മലപ്പുറം മുന്‍സിപ്പാലിറ്റിയിലാണ്. മൊറയൂര്‍ വില്ലേജിലാണ് പാറോല കരിങ്കാളികാവ്. സാമൂതിരി കുടുംബവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന പൊയിലിക്കാവ് സ്ഥിതിചെയ്യുന്നത് നെടിയിരിപ്പിലാണ്. തിരൂരങ്ങാടി താലൂക്കിലെ കുന്നമംഗലം പഞ്ചായത്തിലാണ് കിളിയാനക്കോട് കരിങ്കാളികാവ്. കോഴിക്കോട് താലൂക്കിലെ കടലുണ്ടി പഞ്ചായത്തിലാണ് മണ്ണൂര്‍ കരിങ്കാളികാവ്.